കടുത്ത തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സ്വയം സന്നദ്ധരാവുക' കഴിഞ്ഞ പുതുവര്‍ഷത്തില്‍ ലോകമെമ്പാടുമുള്ള മൂന്നര ലക്ഷം ടാറ്റ ഗ്രൂപ്പ് ജീവനക്കാരോട് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ആഹ്വാനം ഇതായിരുന്നു. ഏറ്റെടുക്കലുകളും സാമ്പത്തിക മാന്ദ്യവും ചേര്‍ന്ന് റിവേഴ്‌സ് ഗിയറിലാക്കിയ ടാറ്റ ഗ്രൂപ്പ് അപ്പോള്‍ തീര്‍ത്തും സമ്മര്‍ദ്ദത്തിലായിരുന്നു. 140 വര്‍ഷത്തെ വിജയ പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടമായിരുന്നു അത്. ഏറ്റെടുക്കലുകളെത്തുടര്‍ന്ന് പിച്ചവെച്ചും ഇടയ്‌ക്ക് വീണും മുന്നേറിയ ടാറ്റ ഗ്രൂപ്പ് ഇപ്പോഴിതാ ഓടാന്‍ ആരംഭിച്ചിരിക്കുന്നു. റിവേഴ്‌സ് ഗിയറില്‍ നിന്ന് ടോപ്പ് ഗിയറിലേക്കുള്ള ദ്രുതഗതിയിലുള്ള വളര്‍ച്ചയ്‌ക്ക് ടാറ്റയെ സഹായിച്ചത് ഒരു ദശാബ്‌ദം മുമ്പ് രത്തന്‍ ടാറ്റ തന്നെ എടുത്ത ഒരു തീരുമാനമായിരുന്നു.
2000-01 കാലഘട്ടം. വാഹന വിപണിയെ മുഴുവന്‍ ഒരു തളര്‍ച്ച പിടികൂടിയിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ നഷ്‌ടം മൂക്ക് മുട്ടെ എത്തി ഏകദേശം 500 കോടിയായി. ഈ സമയത്താണ് ടാറ്റ ഗ്രൂപ്പ് ഏതെങ്കിലും ഒരു വിപണിയെ മാത്രം ആശ്രയിക്കരുതെന്ന് രത്തന്‍ ടാറ്റ നിര്‍ദ്ദേശിച്ചത്. ഉരുക്ക്, ഓട്ടോമൊബീല്‍, കെമിക്കല്‍സ്, ഹോസ്‌പിറ്റാലിറ്റി മേഖലകളില്‍ വിദേശത്ത് സ്വന്തമായി യൂണിറ്റുകള്‍ തുടങ്ങാനോ, ഏറ്റെടുക്കലുകള്‍ നടത്താനോ ശ്രമിക്കണമെന്നതായിരുന്നു തന്ത്രം. പത്ത് വര്‍ഷം മുമ്പ് 50,000 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായിരുന്ന കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന മാത്രം 3,19,534 കോടി രൂപയാണ്. ഇടയ്‌ക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളോട് `റ്റാറ്റാ' പറഞ്ഞ് നേടിയ ഈ വിജയത്തിന് ഉരുക്കിന്റെ കരുത്തുണ്ട്. 2000 മുതല്‍ ഇതുവരെ ടാറ്റ ഗ്രൂപ്പ് നടത്തിയ ഏറ്റെടുക്കലുകള്‍ക്ക് ആകെ ചെലവായത് 85,500 കോടി രൂപയാണ്. ഇപ്പോള്‍ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബിസിനസില്‍ 57 ശതമാനവും ലഭിക്കുന്നത് ഇന്ത്യക്ക് പുറത്തുനിന്നാണ്.
ഏറ്റെടുക്കലുകളുടെ കഥ ലോകത്തിലെ തന്നെ വന്‍ കമ്പനികളെ ഏറ്റെടുക്കലല്ല മറിച്ച് അതിന് ശേഷം ഇവയെ ലാഭക്ഷമമാക്കുകയായിരുന്നു പ്രധാന കടമ്പയെന്ന് ടാറ്റ മോട്ടോഴ്‌സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സി.രാമകൃഷ്‌ണന്‍ പറയുന്നു. 2008 ജൂണിലാണ് ടാറ്റ മോട്ടോഴ്‌സ് ജഗ്വാര്‍-ലാന്‍ഡ് റോവറെ (ജെ.എല്‍.ആര്‍) ഏറ്റെടുക്കുന്നത്. മൂന്ന് നാല് മാസം കൊണ്ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ പ്രതീക്ഷ, എന്നാല്‍ ഇതിന് മാത്രം ഒരു വര്‍ഷം വേണ്ടിവന്നു. 2008 ഒക്‌ടോബറില്‍ ജെ.എല്‍.ആറിന്റെ ഫാക്‌റ്ററികള്‍ പ്രവര്‍ത്തിച്ചത് ഏതാനും ദിവസങ്ങള്‍ മാത്രമാണ്. ലിക്വിഡിറ്റി പ്രശ്‌നങ്ങളും അതിശക്തമായിരുന്നു.
മാന്ദ്യത്തോടെ അമേരിക്കയിലും യൂറോപ്പിലും കച്ചവടം കുറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ടാറ്റ മോട്ടോഴ്‌സിന്റെ നഷ്‌ടം 2505 കോടിയായി. ഇതില്‍ ജെ.എല്‍.ആറിന്റെ സംഭാവനയാകട്ടെ 1777 കോടിയും. എന്നാല്‍ കാര്യങ്ങള്‍ പെട്ടെന്നാണ് കീഴ്‌മേല്‍ മറിഞ്ഞത്. കര്‍ശനമായ ചെലവ് ചുരുക്കല്‍ നടപടികളും ജഗ്വാര്‍ എക്‌സ്.ജെ മോഡലിന്റെ ചൈനയിലെ മിന്നുന്ന പ്രകടനവും, അമേരിക്കയില്‍ വില്‍പ്പന കൂടിയതും കമ്പനിക്ക് നേട്ടമായി. ഇതേതുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടാറ്റ മോട്ടോഴ്‌സിന്റെ അറ്റാദായം 2571.06 കോടിയായി. ടാറ്റ മോട്ടോഴ്‌സിന്റെ വരുമാനം ഒന്‍പതിരട്ടി വര്‍ധിച്ച് 92,519 കോടി രൂപയായി. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള സംഭാവന 38 ശതമാനം മാത്രമാണ്. കൂടാതെ 1,34,000 രൂപ വിലയുള്ള നാനോ ഇന്ത്യയിലും അതിന്റെ 25 ഇരട്ടി വിലയുള്ള ജഗ്വാര്‍ എക്‌സ്.ജെ അമേരിക്കയിലും ടാറ്റ മോട്ടോഴ്‌സ് വില്‍ക്കുന്നുണ്ട്.
ടാറ്റ സ്റ്റീല്‍ കോറസിനെ ഏറ്റെടുത്തതും ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ച് നേട്ടങ്ങളുടെ മാത്രം കണക്കില്‍പ്പെടുത്താവുന്നതായിരുന്നില്ല. കാരണം കോറസ് ലാഭത്തില്‍ രേഖപ്പെടുത്തുന്ന ചാഞ്ചാട്ടം തന്നെ. കര്‍ക്കശമായ ചെലവ് ചുരുക്കല്‍ നടപടികളിലൂടെ കമ്പനിയെ ലാഭത്തിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഗ്രൂപ്പ്. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 42,000ല്‍ നിന്ന് 35,000 ആയി കുറച്ചത് ഇതിന് തെളിവാണ്. എന്നാല്‍ എല്ലാ ഏറ്റെടുക്കലുകളും ടാറ്റ ഗ്രൂപ്പിന് വേദനാ ജനകങ്ങളായിരുന്നില്ല. അമേരിക്കയിലെ സോഡ ആഷ് കമ്പനിയായ ജനറല്‍ കെമിക്കല്‍ ഇന്‍ഡസ്‌ട്രിയല്‍ പ്രൊഡക്‌റ്റ്‌സിനെ ഏറ്റെടുത്തത് ഇതിന് ഉദാഹരണമാണ്. ഏറ്റെടുക്കലിന് മുമ്പ് ടാറ്റ കെമിക്കല്‍സിന്റെ സോഡ ആഷ് ഉല്‍പ്പാദനം പത്ത് ലക്ഷം ടണ്ണായിരുന്നെങ്കില്‍, ഏറ്റെടുക്കലിന് ശേഷം അത് 55 ലക്ഷം ടണ്ണായി. ടാറ്റ ഗ്രൂപ്പ് വളരുകയാണ്, രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ച്, വെയിലത്തും തീയിലും വാടാതെ. അതോടൊപ്പം ഓഹരിയുടമകള്‍ക്ക് ആകര്‍ഷക നേട്ടമാണ് ഗ്രൂപ്പ് കമ്പനികള്‍ നല്‍കുന്നത്. courtesy: dhanam magazine |
No comments:
Post a Comment